ഓണാവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് മൂന്ന് ജോഡി പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ബെംഗളൂരു–തിരുവനന്തപുരം റൂട്ടിലാണ് പ്രധാനമായും സർവീസുകൾ. ഇരു ദിശകളിലുമായി ആകെ ആറ് സർവീസുകളാണ് നടത്തുക.

യശ്വന്ത്പൂർ–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06573)
ഓഗസ്റ്റ് 21 വെള്ളിയാഴ്ച രാത്രി 8.45ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 22ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക സർവീസായ 06574 ഓഗസ്റ്റ് 22ന് വൈകിട്ട് 3.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 23ന് രാവിലെ 9.45ന് യശ്വന്ത്പൂരിലെത്തും. ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം എന്നിവിടങ്ങളിലാണ് ഈ സർവീസുകൾക്ക് സ്റ്റോപ്പുള്ളത്.

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06575)
ഓഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് 4.40ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 23ന് രാവിലെ 10ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക സർവീസായ 06576 ഓഗസ്റ്റ് 23ന് ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 24ന് രാവിലെ 5.15ന് ബെംഗളൂരു കന്റോൺമെന്റിലെത്തും. കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. മടക്കയാത്രയിൽ 06576ന് എസ്എംവിടി ബെംഗളൂരുവിൽ സ്റ്റോപ്പുണ്ടാകില്ല.

ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06579)
ഓഗസ്റ്റ് 28 വെള്ളിയാഴ്ച വൈകിട്ട് 4.40ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 29ന് രാവിലെ 10.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക സർവീസായ 06580 ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 30ന് രാവിലെ 5.15ന് ബെംഗളൂരു കന്റോൺമെന്റിലെത്തും. ഈ സർവീസുകൾക്കും കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട തുടങ്ങിയ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.

20 കോച്ചുകളുമായി സർവീസ്

മൂന്ന് ജോഡി പ്രത്യേക ട്രെയിനുകളിലും 20 ഐസിഎഫ് കോച്ചുകളാണ് ഉണ്ടാകുക. ഒരു എസി 2-ടയർ, മൂന്ന് എസി 3-ടയർ, 10 സ്ലീപ്പർ ക്ലാസ്, നാല് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് എസ്എൽആർ കോച്ചുകൾ ഉൾപ്പെടുന്നതാണ് കോച്ച് ഘടന. ഓണത്തിരക്ക് പരിഗണിച്ച് നേരത്തെ എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് സ്പെഷ്യൽ (06569/06570), ബെംഗളൂരു കന്റോൺമെന്റ്–കണ്ണൂർ എക്സ്പ്രസ് സ്പെഷ്യൽ (06567/06568) എന്നീ പ്രത്യേക ട്രെയിൻ സർവീസുകളും റെയിൽവേ അനുവദിച്ചിരുന്നു. ഇതോടെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഓണക്കാല യാത്രയ്ക്ക് കൂടുതൽ ട്രെയിൻ സൗകര്യമാണ് ലഭ്യമാകുന്നത്.

Related Posts