വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് ഒടുവിൽ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു. നിയമനത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ അംഗീകാരം നൽകി. മന്ത്രിസഭ അധികാരമേറ്റിട്ട് മൂന്ന് മാസം പിന്നിട്ട ശേഷമാണ് മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറിയെ ലഭിക്കുന്നത്.
മന്ത്രിക്ക് ഇത്രയും കാലം പ്രൈവറ്റ് സെക്രട്ടറിയില്ലാതിരുന്നത് നേരത്തെ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. മന്ത്രി നിർദേശിച്ച ശരത് ചന്ദ്രൻ്റെ നിയമനത്തിന് മുഖ്യമന്ത്രി ആദ്യം അനുമതി നൽകാതിരുന്നതാണ് വൈകലിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
വാർത്താസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകർ പലതവണ ഇക്കാര്യം മന്ത്രിയോട് ചോദിച്ചിരുന്നു. മറ്റൊരാളുടെ പേര് നിർദേശിക്കാൻ മന്ത്രി തയ്യാറാകില്ലെന്ന സാഹചര്യത്തിലാണ് ഒടുവിൽ ശരത് ചന്ദ്രൻ്റെ നിയമനത്തിന് അംഗീകാരം ലഭിച്ചത്. സെക്രട്ടേറിയറ്റിൽ സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ശരത് ചന്ദ്രൻ. കെ.സി.വേണുഗോപാൽ എംഎൽഎയായിരുന്ന കാലത്ത് അദ്ദേഹത്തിനടീ പിഎയായും പിന്നീട് മന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫ് അംഗമായും ശരത് ചന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്.
കെ.സി. വേണുഗോപാലുമായി അടുപ്പമുള്ളയാളെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നതിനോടുള്ള അതൃപ്തിയാണ് മുഖ്യമന്ത്രി നേരത്തെ അനുമതി നൽകാതിരുന്നതിന് പിന്നിലെന്ന ആരോപണവും ഉയർന്നിരുന്നു.