ബെംഗളൂരുവിൽ സുഹൃത്തുമായുണ്ടായ തർക്കത്തിനിടെ ലോഡ്ജിൻ്റെ ജനലിലൂടെ താഴേക്ക് വീണ യുവതി മരിച്ചു. സംഭവത്തിൽ യുവതിയുടെ സുഹൃത്തിനെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഹാസൻ സ്വദേശിനിയായ ഐശ്വര്യ (23) ആണ് മരിച്ചത്.

നവംബർ 19ന് ഗംഗമ്മഗുഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ലോഡ്ജിലായിരുന്നു സംഭവം. സന്തോഷ് എന്ന യുവാവിനൊപ്പമാണ് ഐശ്വര്യ ലോഡ്ജിലെത്തിയത്. ഇരുവരും തമ്മിൽ പ്രണയബന്ധത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.

യുവതിയുടെ അമ്മ നൽകിയ പരാതിപ്രകാരം, ഇരുവരും തമ്മിൽ നേരത്തെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഐശ്വര്യ മറ്റൊരു സുഹൃത്തിനൊപ്പം ഒയോ മുറിയിൽ താമസിച്ച വിവരം കുടുംബാംഗങ്ങൾ അറിഞ്ഞതിനെ തുടർന്ന് വീട്ടിൽനിന്നും വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിനുപുറമെ, സന്തോഷ് തന്നെ വിശ്വസിക്കുന്നില്ലെന്നതും യുവതിയെ മാനസികമായി വിഷമിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

നവംബർ 19ന് വൈകുന്നേരം ലോഡ്ജിൽവെച്ച് ഇരുവരും മദ്യപിച്ചതായും തുടർന്ന് തർക്കമുണ്ടായതായും പൊലീസ് വ്യക്തമാക്കി. താനെയും കുടുംബാംഗങ്ങളെയും ആരും വിശ്വസിക്കുന്നില്ലെന്ന് ഐശ്വര്യ പറഞ്ഞതായാണ് വിവരം. തർക്കത്തിനിടെ ജീവനൊടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയപ്പോൾ, സന്തോഷ് കൈകൊണ്ട് തള്ളിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ജനലിലൂടെ താഴേക്ക് വീണ് മരിക്കുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ വിശദീകരണം.

യുവതിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പ്രതിയായ സന്തോഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Posts