കർണാടകയിൽ നന്ദിനി പാലിൻ്റെ വില ലിറ്ററിന് എട്ട് രൂപ വർധിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. നവംബർ ഒന്നുമുതൽ പുതിയ വില പ്രാബല്യത്തിൽ വരും. ഇതോടെ നീല പാക്കറ്റിലുള്ള ടോൺഡ് പാലിൻ്റെ വില ലിറ്ററിന് 46 രൂപയിൽനിന്ന് 54 രൂപയായി ഉയരും.

വിലവർധനയിലൂടെ ലഭിക്കുന്ന എട്ട് രൂപയിൽ ഏഴ് രൂപ പാൽ ഉൽപ്പാദക കർഷകർക്കും ഒരു രൂപ ക്ഷീരസംഘങ്ങൾക്കുമാണ് നൽകുക. നിലവിൽ ലിറ്ററിന് 35 രൂപ ലഭിക്കുന്ന കർഷകർക്ക് പുതിയ നിരക്കനുസരിച്ച് 42 രൂപ ലഭിക്കും. സംസ്ഥാന സർക്കാരിൻ്റെ അഞ്ച് രൂപ ഇൻസെന്റീവ് കൂടി ചേരുമ്പോൾ കർഷകർക്ക് ലിറ്ററിന് ആകെ 47 രൂപ ലഭിക്കും.

കാലിത്തീറ്റയുടെയും മരുന്നുകളുടെയും വിലക്കയറ്റം, ഗതാഗതച്ചെലവ്, പാക്കേജിങ് ചെലവ് എന്നിവ വർധിച്ചതും വരൾച്ചയെ തുടർന്ന് തീറ്റപ്പുല്ലിൻ്റെ ലഭ്യത കുറഞ്ഞതുമാണ് വിലവർധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കർണാടകയിൽ ഏകദേശം പത്തുലക്ഷം കർഷക കുടുംബങ്ങൾ ക്ഷീരമേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്.

2022 നവംബറിനുശേഷം നന്ദിനി പാലിൻ്റെ വിലയിൽ വരുത്തുന്ന അഞ്ചാമത്തെ വർധനയാണിത്.

Related Posts