തൃശൂരിൽ ട്രെയിൻ തട്ടി യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. മാള കോട്ടമുറി കളത്തിൽ വീട്ടിൽ അഖിൽ രാജൻ(29), അന്നമനട എടയാറ്റൂർ ആളയൂർ വീട്ടിൽ രമ്യ(41) എന്നിവരാണ് മരിച്ചത്.
സതേൺ കോളജിന് സമീപമുള്ള റെയിൽവേ പാളത്തിൽ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഈ ബന്ധത്തെച്ചൊല്ലി ഇരുകുടുംബങ്ങളുടെയും ഭാഗത്തുനിന്ന് എതിർപ്പും താക്കീതും ഉണ്ടായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരം.
അഖിൽ രാജൻ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. രമ്യയ്ക്ക് ഭർത്താവും രണ്ട് മക്കളുമുണ്ട്.
സംഭവവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.