പാലക്കാട് തൃത്താലയിലെ പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർഥിക്ക് വെടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർഥിക്കാണ് സഹപാഠിയുടെ വെടിയേറ്റത്. തോളിൽ വെടിയേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കൊടുമുണ്ട സ്വദേശിയായ വിദ്യാർഥിയാണ് തോക്കുമായി സ്കൂളിലെത്തിയത്. അഞ്ചുമൂല സ്വദേശിയായ സഹപാഠിക്കു നേരെ മൂന്ന് തവണ വെടിയുതിർത്തതായാണ് പ്രാഥമിക വിവരം. നാടൻ തോക്കാണ് ഉപയോഗിച്ചതെന്നാണ് നിഗമനം.

ആദ്യ വെടിയുണ്ട ക്ലാസ് മുറിയിലെ തറയിലാണ് പതിച്ചത്. രണ്ടാമത്തെ വെടിയുണ്ട മറ്റൊരു വിദ്യാർഥിയുടെ അരികിലൂടെ കടന്നുപോയി. മൂന്നാമത്തെ വെടിയുണ്ടയാണ് വിദ്യാർഥിയുടെ തോളിൽ തറച്ചത്.

സ്കൂൾ പരിസരത്ത് തോക്കുമായി വിദ്യാർഥി എത്തിയതും ക്ലാസ് മുറിയിൽ വെടിവെപ്പുണ്ടായതും വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

Related Posts