വിദ്യാർഥികളുടെ സ്കൂൾ ബാഗുകളുടെ അമിതഭാരം നിയന്ത്രിക്കുന്നതിനായി പുതിയ പരിഷ്കാരങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ഇതിൻ്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ ഇന്ന് പ്രത്യേക ഉന്നതതല യോഗം ചേരും. എസ്‌സിഇആർടി, ബാലാവകാശ കമ്മിഷൻ എന്നിവ സമർപ്പിച്ച പഠന റിപ്പോർട്ടുകളും ശുപാർശകളും യോഗത്തിൽ വിശദമായി പരിശോധിക്കും.

വിദ്യാർഥികൾക്ക് താങ്ങാനാവാത്ത ഭാരം നൽകുന്ന സാഹചര്യം ഒഴിവാക്കണമെന്ന ബാലാവകാശ കമ്മിഷൻ്റെ നിർദേശത്തെ തുടർന്നാണ് സർക്കാർ പുതിയ നടപടികളിലേക്ക് കടക്കുന്നത്. നിലവിലുള്ള ക്ലാസ് ടൈംടേബിളിലും പീരിയഡ് സംവിധാനത്തിലും മാറ്റം വരുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.

പഠനരീതികളിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനൊപ്പം ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളും പ്രയോജനപ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ നീക്കം. ഇതിൻ്റെ ഭാഗമായി ‘പുസ്തകമില്ലാത്ത പീരിയഡുകൾ’ നടപ്പാക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്. ഇതിലൂടെ കുട്ടികളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനൊപ്പം പഠനവുമായി ബന്ധപ്പെട്ട മാനസികവും ശാരീരികവുമായ സമ്മർദങ്ങൾ ലഘൂകരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സമഗ്രമായ നയം രൂപീകരിക്കുകയാണ് ലക്ഷ്യം. ഇന്നത്തെ യോഗത്തോടെ ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾക്ക് തുടക്കമാകും. വിദ്യാർഥികളുടെ ആരോഗ്യവും പഠനനിലവാരവും ഒരുപോലെ സംരക്ഷിക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങൾ നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ആലോചന.

Related Posts