വന്യജീവികളാൽ മനുഷ്യർ കൊലചെയ്യപ്പെടുമ്പോൾ കോഴിക്കോട്ടെ ഒരു മന്ത്രി ഫാഷൻ ഷോയിലാണെന്ന് മുൻ എം.എൽ.എ പി.വി അൻവർ. യു.ഡി.എഫിൻ്റെ മലയോര സമര യാത്രയിൽ സൗഹാർദ്ധ പ്രതിനിധിയായി സംസാരിക്കുകയായിരുന്നു അൻവർ. എങ്ങനെയെങ്കിലും ഈ നാട്ടിൽ ജീവിക്കണമെന്നത് കൊണ്ടാണ് ഈ നട്ടുച്ചയിലും സ്ത്രീകളുൾപ്പെടെ ജാഥയുടെ ഭാഗമാകുന്നത്. വന്യമൃഗ ഭീഷണി എത്രമാത്രം ഗൗരവമുള്ളതാണെന്ന് ബോധ്യമില്ലാത്തവരിൽ ഒന്നാമത് മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടാമൻ ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം അത്, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനാണ്.

നാലുദിവസം മുൻപ് രാധയെ കൊന്ന കടുവയെ തെരഞ്ഞ് ജനങ്ങൾ മുഴുവൻ കാട്ടിൽ തിരച്ചിൽ നടത്തുമ്പോൾ ലോകചരിത്രത്തിൽ ഇതുവരെ കാണാത്ത രീതിയിൽ ഒരു മന്ത്രി കോഴിക്കോട്ട് കടപ്പുറത്ത് പാട്ടുപാടുകയായിരുന്നു. ഏതാ സദസ് എന്നറിയാമോ? ഫാഷൻ ഷോയാണതെന്ന് മനസിലാക്കണം. ഈ നാട്ടിലെ മനുഷ്യർ കാട്ടുമൃഗങ്ങളെ ഭയന്ന് കഴിയുമ്പോഴാണ് കേരളത്തിലെ ഒരു മന്ത്രി 75 വയസായിട്ടും ഫാഷൻ ഷോയിൽ പോയി പാട്ടുപാടുന്ന അവസ്ഥയിലേക്ക് തരം താണിരിക്കുന്നത്. നമ്മൾ പാട്ട് വെക്കാറുണ്ട്. അത്, ഈ നാട്ടിലെ പാവങ്ങളെ സഹായിക്കാൻ വേണ്ടിയാണ്. ബിരിയാണി ചലഞ്ച് നടത്താറുണ്ട്. ജനങ്ങളെ സഹായിക്കാൻ വേണ്ടി അത്തരത്തിലുള്ള ജനകീയമായ കാര്യങ്ങൾ നടത്താറുണ്ട്.

ഞാനടക്കമുള്ള ഇവിടെ, പലരും ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങനെയൊരു ചടങ്ങിലല്ല ഇതെന്നും അൻവർ ചൂണ്ടിക്കാട്ടി . ഏതോ വിദേശത്തുള്ള കമ്പിനിക്ക് വേണ്ടിയുള്ളതാണ് ആ ഫാഷൻ ഷോ. ഇതിൽ നിന്നും ഈ വിഷയത്തിൽ ഈ സർക്കാറിൻ്റെ നിലപാടെന്തെന്നാണെന്ന് വ്യക്തമാണ്. സർക്കാറിൽ നിന്നും ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ല. എനിക്ക്’ പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവരോട് പറയാനുള്ളത്. ഇവിടെയൊരു നിയമമുണ്ടോയെന്നാണ്. ഇനി വരാനിരിക്കുന്ന യു.ഡി.എഫ് ഗവൺമെൻ്റ് ഏറ്റെടുക്കേണ്ട ഏറ്റവും വലിയ വിഷയമിതാണ്. യു.ഡി.എഫ് വരുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.

Related Posts