ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടവുമായി കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ കെ വിനോദ്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ വെള്ളി മെഡൽ സ്വന്തമാക്കിയത്.

വിദർശ ഉൾപ്പെടെ മൂന്ന് പേരടങ്ങിയ ടീമാണ് മെഡൽ നേടിയത്. ആദ്യമായാണ് വിദർശ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മെഡൽ നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്നും കുടുംബത്തിൻ്റെയും പരിശീലകൻ്റെയും പിന്തുണയാണ് നേട്ടത്തിന് പിന്നിലെന്നും വിദർശ പറഞ്ഞു.

50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്. ഏഷ്യൻ ഗെയിംസിലെ ഇന്നത്തെ മെഡൽ കൂടുതൽ ആത്മവിശ്വാസം നൽകിയെന്നും കേരളത്തിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും വിദർശ പറഞ്ഞു. കേരള സർക്കാർ ജോലി നൽകിയാൽ സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.

2018ൽ എൻസിസിയിലൂടെയാണ് വിദർശ ഷൂട്ടിംഗിലേക്ക് എത്തിയത്. 2019ൽ ഷൂട്ടിംഗ് പ്രൊഫഷണലായി തുടരാൻ തീരുമാനിച്ചു. ഡൽഹിയിലാണ് പ്രധാനമായും പരിശീലനം നടത്തുന്നത്. കേരളത്തിൽ വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ പരിശീലന സൗകര്യമുണ്ടെന്നും എല്ലാ ജില്ലകളിലും ഷൂട്ടിംഗ് അസോസിയേഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും വിദർശ പറഞ്ഞു.

Related Posts