ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ഏഴ് വിക്കറ്റ് ജയം. 166 റൺസ് വിജയലക്ഷ്യം 10 പന്ത് ബാക്കിനിൽക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മറികടന്നു. ആൻഗ്രിഷ് രഘുവൻഷിയുടെ അർധ സെഞ്ചുറിയുടെയും ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെയും ഫിൻ അല്ലന്റെയും മികച്ച പ്രകടനത്തിൻ്റെയും ബലത്തിലാണ് കൊൽക്കത്ത വിജയലക്ഷ്യം മറികടന്നത്.
രഘുവൻഷി 59 റൺസും രഹാനെ 43 റൺസും അലൻ 29 റൺസുമെടുത്തു. 11 പന്തിൽ 22 റൺസെടുത്ത റിംഗു സിംഗിന്റെ ഇന്നിംഗ്സും നിർണായകമായി. ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ശിവാംഗ് കുമാറും സാക്കിബ് ഹസനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 19 ഓവറിൽ 165 റൺസിൽ ഓൾഓട്ടാവുകയായിരുന്നു. ട്രാവിസ് ഹെഡിന്റെ അർധ സെഞ്ചുറിയുടെയും ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ഹൈദരാബാദ് മികച്ച സ്കോർ പടുത്തുയർത്തിയത്. ഹെഡ് 61 (28) റൺസും ഇഷാൻ കിഷൻ 42 റൺസുമെടുത്തു. കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് എടുത്തു. സുനിൽ നരെയ്നും കാർത്തിക് ത്യാഗിയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.