ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഗോൾമഴയോടെ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പൂൾ ബിയിലെ ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത 19 ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളി നേരിടേണ്ടിവന്നില്ല.
ഇന്ത്യയ്ക്കായി ദീപികയാണ് തകർപ്പൻ പ്രകടനം പുറത്തെടുത്തത്. എട്ട് ഗോളുകളാണ് ദീപിക നേടിയത്. 8, 22, 25, 33, 36, 38, 41, 54 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ലാൽറെസിയാമി, ബൽജീത്, നേഹ, നവനീത് കൗർ, ലാൽതല്യുയാംഗി, സാക്ഷി റാണ എന്നിവരും ഇന്ത്യയ്ക്കായി സ്കോർ ചെയ്തു.
വെറ്ററൻ ഗോൾകീപ്പർ സവിത പൂനിയയുടെ 320-ാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. ഉസ്ബെക്കിസ്ഥാൻ ആക്രമണങ്ങൾക്ക് കാര്യമായ അവസരം ലഭിക്കാത്തതിനാൽ സവിതയ്ക്ക് കാര്യമായ ഇടപെടൽ വേണ്ടിവന്നില്ല. തിങ്കളാഴ്ച ഇന്തോനേഷ്യക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡലാണ് ഇന്ത്യൻ ടീമിൻ്റെ ലക്ഷ്യം.