വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിങ്കളാഴ്ച വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ പോലീസിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാൻ കൂടുതൽ രേഖകൾ ഹാജരാക്കാൻ പരാതിക്കാരിയുടെ അഭിഭാഷക സമയം ആവശ്യപ്പെട്ടതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. വിവാഹ വാഗ്ദാനം നൽകി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടശേഷം വേടൻ വിവാഹത്തിൽ നിന്ന് പിൻമാറിയെന്ന് പരാതിയിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി എന്നതു കൊണ്ടു മാത്രം അതിൽ ക്രിമിനൽ കുറ്റകൃത്യം നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. വേടൻ ഒളിവിലാണെന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു.