കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം, കാലവർഷം അടുത്ത ചൊവ്വാഴ്ചയോടെ കേരളത്തില്‍ പ്രവേശിക്കാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം സംഭവിക്കാമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 3.1 മുതല്‍ 4.5 കിലോമീറ്റർ വരെ ഉയരത്തില്‍ തെക്കുകിഴക്കൻ അറബിക്കടലില്‍ നിന്ന് ലക്ഷദ്വീപ്, വടക്കൻ കേരളം, കർണാടകയുടെ തെക്കൻ ഉള്‍പ്രദേശങ്ങള്‍ വഴി മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ പ്രധാന കാരണം. ഇതിൻ്റെ ഫലമായി ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും കാറ്റും അനുഭവപ്പെടാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.