കൊച്ചിയിലെ വിജയത്തിന് പിന്നാലെ രാജ്യത്തെ 18 നഗരങ്ങളിലേക്ക് കൂടി വാട്ടർ മെട്രോ സർവ്വീസ് വ്യാപിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത-ജലപാത മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിൻ്റെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്.
ഘട്ടം ഘട്ടമായായിരിക്കും പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ ഗുവാഹത്തി, ശ്രീനഗർ, പാറ്റ്ന, വാരണസി, അയോദ്ധ്യ, പ്രയാഗ്രാജ് എന്നീ നഗരങ്ങളിലാണ് വാട്ടർ മെട്രോ സർവീസ് ആരംഭിക്കുക. രണ്ടാം ഘട്ടത്തിൽ ആസമിലെ തേജ്പൂർ, ദിബ്രുഗഡ് എന്നീ നഗരങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തും.
നിലവിലുള്ള ജലപാതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും വാട്ടർ മെട്രോ സംവിധാനം ഒരുക്കുക എന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോണോവാൾ വ്യക്തമാക്കി നഗരങ്ങളിലെ ഉൾനാടൻ ജലപാതകളെ കാര്യക്ഷമവും സുസ്ഥിരവും ആധുനികവുമായ പൊതുഗതാഗത മാർഗമാക്കി മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.