എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്ന് വെളുക്കെട്ട്. പുലർച്ചെ 2 മണിയോടെ ആരംഭിച്ച മഴ രാവിലെ 7 മണിയോടെയാണ് തോർന്നത്. കലൂർ, ഇടപ്പളി, പാലാരിവട്ടം മേഖലകളിൽ ഇതോടെ വെളുക്കെട്ട് രൂപപ്പെട്ടു. സ്കൂളിൽ പോകുന്ന കുട്ടികളും ജോലിക്ക് പോകുന്നവരും ഉൾപ്പെടെ പ്രദേശവാസികളെല്ലാം പ്രതിസന്ധിയിലായി. ചെറിയ ഇടവഴികളിലും വെള്ളം കയറി. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊന്നും അവധി പ്രഖ്യാപിച്ചിട്ടില്ല.
കോട്ടയത്തും ഇടുക്കിയിലും അതേസമയം കനത്ത മഴയാണ് അനുഭവപ്പെടുന്നത്. രാത്രികാല യാത്രകൾ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കിയിൽ ലോ റേഞ്ചിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പലയിടത്തും വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ ദുരിതത്തിലായിരിക്കുകയാണ്.
എറണാകുളം, ഇടുക്കി, തൃശൂർ എന്നീ 3 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകൾക്ക് യെല്ലോ അലർട്ടുമാണ്. ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.