ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ, പ്രത്യേക ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം, റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിൻ്റെ നടപടി.
വയനാട്ടിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ മഴ മുന്നറിയിപ്പുണ്ട്. ശനിയാഴ്ച മധ്യ-തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നാളെ മുതൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.