ബെംഗളൂരു ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൻ്റെ 16-ാം പതിപ്പ് ഹൈബ്രിഡ് രീതിയിൽ നടക്കും. ഓൺലൈൻ പ്രദർശനങ്ങൾ ഓഗസ്റ്റ് 6 മുതൽ 16 വരെ നടക്കുമ്പോൾ, ബെംഗളൂരു നഗരത്തിലെ ഒൻപത് വേദികളിലായി ഓഗസ്റ്റ് 14 മുതൽ 16 വരെ നേരിട്ടുള്ള പ്രദർശനങ്ങളും സംഘടിപ്പിക്കും.

ഓസ്കർ യോഗ്യത നേടിയ ഇന്ത്യയിലെ പ്രധാന ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് ബെംഗളൂരു ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് & സയൻസസ് ഷോർട്ട് ഫിലിം വിഭാഗത്തിൽ ഫെസ്റ്റിവലിന് അംഗീകാരം നൽകിയിട്ടുണ്ട്.

അന്താരാഷ്ട്ര, ഇന്ത്യൻ, ആനിമേഷൻ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ചിത്രങ്ങൾ മത്സരിക്കും. യുവ സംവിധായകർക്കും പുതിയ ചലച്ചിത്ര പ്രവർത്തകർക്കും അവരുടെ സൃഷ്ടികൾ അവതരിപ്പിക്കാനും സിനിമാ മേഖലയിലെ പ്രമുഖരുമായി സംവദിക്കാനും മേള വേദിയൊരുക്കും.

ഇത്തവണ നിരവധി പുതിയ മത്സര വിഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര, ഇന്ത്യൻ, ആനിമേഷൻ, കർണാടക, വിമൻസ് സിനിമ കളക്ടീവ്, ക്വിയർ കോർണർ, ലെറ്റ്സ് ഇൻക്ലൂഡ് തുടങ്ങിയ വിഭാഗങ്ങൾക്ക് പുറമെ ‘ഡാൻസിങ് ലെൻസ്’, ‘ഏഷ്യൻ ഐ’, ‘AI: Machine Made Movie’ എന്നീ പുതിയ വിഭാഗങ്ങളും അവതരിപ്പിക്കും.

നൃത്തത്തെ കഥപറച്ചിലിൻ്റെ ഭാഗമായി അവതരിപ്പിക്കുന്ന ചിത്രങ്ങൾക്കായാണ് ‘ഡാൻസിങ് ലെൻസ്’ വിഭാഗം. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾക്കായി ‘ഏഷ്യൻ ഐ’ വിഭാഗവും ഒരുക്കിയിട്ടുണ്ട്.

ഏറ്റവും ശ്രദ്ധേയമായ പുതിയ വിഭാഗമാണ് ‘AI: Machine Made Movie’. പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ മത്സരിക്കുക. ഒരു പ്രോംപ്റ്റ് ഉപയോഗിച്ച് സിനിമ മുഴുവനായും സൃഷ്ടിക്കണം. പ്രോംപ്റ്റിൻ്റെ ഗുണനിലവാരവും അതിൻ്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന സിനിമയുടെ മികവും വിലയിരുത്തിയാകും വിജയിയെ തിരഞ്ഞെടുക്കുക.

സിനിമാ നിർമ്മാണ രംഗം ഇന്ന് എഐ സാങ്കേതികവിദ്യയിലേക്കും നീങ്ങുകയാണ്. എഐ ഉപയോഗിച്ചുള്ള സിനിമകളെക്കുറിച്ച് പഠിക്കാനും പുതിയ സാധ്യതകൾ പരിശോധിക്കാനുമാണ് ഈ വിഭാഗം അവതരിപ്പിക്കുന്നതെന്നും കലാസംവിധായകൻ ആനന്ദ് വരദരാജ് വ്യക്തമാക്കി.
അതേസമയം, മത്സര വിഭാഗങ്ങൾക്ക് പുറമെ നോൺ-കമ്പറ്റീഷൻ വിഭാഗത്തിലും നിരവധി ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കും.

Related Posts