തമിഴ്നാട്ടിൽ നവജാത ശിശുക്കൾക്കായി പുതിയ ക്ഷേമപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്. ‘തായ് മാമൻ ഗോൾഡ് റിങ് സ്കീം’ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരു ഗ്രാം സ്വർണ്ണമോതിരം സമ്മാനമായി നൽകും.

പദ്ധതി നടപ്പാക്കുന്നതിനായി പ്രതിവർഷം 755.83 കോടി രൂപ ചെലവഴിക്കാനാണ് സർക്കാർ തീരുമാനം. ടെൻഡർ നടപടികൾ അടിയന്തരമായി ആരംഭിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. എന്നാൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തമിഴ് നേതാവ് പേരറിഞ്ഞർ അണ്ണായുടെ ജന്മവാർഷിക ദിനമായ സെപ്റ്റംബർ 15-നാണ് നടക്കുക.

നവജാത ശിശുവിന് അമ്മയുടെ സഹോദരൻ സമ്മാനങ്ങളും അനുഗ്രഹങ്ങളും നൽകുന്ന ‘തായ് മാമൻ സീർ’ എന്ന തമിഴ് പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പദ്ധതി രൂപകൽപ്പന ചെയ്തതെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കുടുംബങ്ങളിലെ സന്തോഷ നിമിഷങ്ങളിൽ സർക്കാരും പങ്കാളിയാകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അധികൃതർ അറിയിച്ചു.

Related Posts