രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു. കലാപം സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരം കേസെടുത്തത്.

ഡൽഹിയിൽ രാഹുൽ ഗാന്ധി നടത്തുന്ന പ്രതിഷേധങ്ങളെ മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെന്നയാളുടെ വെപ്രാളത്തോടും താണ്ഡവത്തോടും ഉപമിച്ചായിരുന്നു ശ്രീലേഖയുടെ പരാമർശം. പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജനസഭയിൽ സംസാരിക്കുമ്പോഴായിരുന്നു വിവാദ പ്രസംഗം.

ഒരു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പാണിത്.

Related Posts