കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴ മഹാരാഷ്ട്രയെ വൻ ദുരിതത്തിലാഴ്ത്തി. മുംബൈ, പാൽഘർ, റായ്ഗഡ് ജില്ലകളിലായി കഴിഞ്ഞ നാല് ദിവസത്തിനിടെ 13 പേർ മരിച്ചതായി ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജൻ അറിയിച്ചു. മഴയുടെ തീവ്രത കണക്കിലെടുത്ത് മുംബൈയിൽ അത്യാവശ്യ വിഭാഗങ്ങളൊഴികെയുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാനും അനിവാര്യമല്ലാത്ത സർക്കാർ ഓഫീസുകൾ ഉച്ചയ്ക്ക് ശേഷം അടയ്ക്കാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. ഇന്ന് നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.

കനത്ത മഴയെ തുടർന്ന് മുംബൈയിലെ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ശക്തമായ കാറ്റിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 350-ഓളം മരങ്ങളാണ് നിലംപതിച്ചത്. മുംബൈ, താനെ, റായ്ഗഡ് ഉൾപ്പെടെയുള്ള ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മുംബൈയിൽ ഓറഞ്ച് അലർട്ടും പൂനെയിൽ റെഡ് അലർട്ടും തുടരുകയാണ്.

മഴ ഗതാഗത സംവിധാനങ്ങളെയും സാരമായി ബാധിച്ചു. റോഡ്, റെയിൽ, വ്യോമ, ഫെറി സർവീസുകൾക്ക് തടസ്സം നേരിട്ടു. മുംബൈ–പൂനെ റെയിൽപാതയിൽ സർവീസുകൾ താറുമാറായതോടെ 16 ട്രെയിനുകൾ റദ്ദാക്കുകയും ഒൻപത് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. അധികൃതർ ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്.

Related Posts