തമിഴ്നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ് സർക്കാർ. സഭയിലെ 144 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ ഭൂരിപക്ഷം ഉറപ്പാക്കിയത്. ടിവികെയുടെയും സഖ്യകക്ഷികളുടെയും 120 വോട്ടുകൾക്ക് പുറമെ എഐഎഡിഎംകെയിലെ വിമത വിഭാഗത്തിന്റെ പിന്തുണ കൂടി സർക്കാരിന് ലഭിച്ചു. 22 പേർ സർക്കാരിനെതിരെ വോട്ട് ചെയ്തപ്പോൾ അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുൻപ് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കോൺഗ്രസ് (അഞ്ച്), സിപിഐ (രണ്ട്), സിപിഎം (രണ്ട്), വിസികെ (രണ്ട്), ഐയുഎംഎൽ (രണ്ട്) എന്നീ പാർട്ടികൾ വിജയ് സർക്കാരിന് പിന്തുണ അറിയിച്ചു. എഎംഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ കാമരാജും ടിവികെയ്ക്ക് പിന്തുണ നൽകി. എസ്.പി. വേലുമണിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിന് അനുകൂലമായി നിലപാടെടുത്തപ്പോൾ, എടപ്പാടി പളനിസ്വാമി ഇതിനെ ശക്തമായി എതിർത്തു. മന്ത്രിസ്ഥാനവും മറ്റ് വാഗ്ദാനങ്ങളും നൽകി എംഎൽഎമാരെ പ്രലോഭിപ്പിക്കുകയാണെന്ന് പളനിസ്വാമി ആരോപിച്ചു.