പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ട് പിന്തുണയറിയിച്ച് ബി.എസ്.പി സ്ഥാപകൻ കാൻഷിറാമിൻ്റെ സഹോദരി സ്വർണ കൗർ. രണ്ടുപേരുടെയും കൂടിക്കാഴ്ച മധ്യപ്രദേശിലെ മോവിൽ വെച്ചായിരുന്നു. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാഹുലിന് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് സ്വർണ കൗർ പറഞ്ഞു. മധ്യപ്രദേശിൽ കോൺഗ്രസ് സംഘടിപ്പിച്ച ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’ റാലിയിലാണ് കാൻഷിറാം ഫൗണ്ടേഷൻ അധ്യക്ഷ കൂടിയായ കൗർ രാഹുലിന് പിന്തുണ അറിയിച്ചത്. അവർ രാഹുലിന് വേദിയിൽ വെച്ച് ഡോ. ബി.ആർ. അംബേദ്കറിൻ്റെയും കാൻഷിറാമിൻ്റെയും ചിത്രങ്ങൾ സമ്മാനിച്ചു.

കാൻഷിറാമിൻ്റെ കുടുംബവുമായി നിലവിലെ ബി.എസ്.പി അധ്യക്ഷ മായാവതി നല്ല ബന്ധത്തിലല്ലാത്തതിനാൽ, രാഹുൽ ഗാന്ധിയെ സ്വർണ കൗർ കണ്ടതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സ്വർണ കൗറിനൊപ്പം കാൻഷിറാമിൻ്റെ മരുമകൻ ലോക്‌ബീർ സിങ്ങും രാഹുലിനെ കാണാനെത്തിയിരുന്നു. ജാതി സെൻസസ് ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി റാലിയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞു. അംബേദ്കർ, മഹാത്മാഗാന്ധി, ശ്രീബുദ്ധൻ, ശ്രീനാരായണ ഗുരു എന്നിവരുടെ കൂടി ആശയങ്ങൾ അടങ്ങിയതാണ് ഇന്ത്യൻ ഭരണഘടന. ഈ ഭരണഘടന ആക്രമിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Related Posts