വീട്ടമ്മ ഉറങ്ങിക്കിടക്കുന്നതിനിടെ കാലിലണിഞ്ഞിരുന്ന സ്വർണ പാദസരങ്ങളിൽ ഒന്ന് മോഷ്ടിച്ചു. താമരക്കുളം ഗുരുനാഥൻകുളങ്ങര പ്ലാവിളയിൽ അനിലിൻ്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്.
അനിലിൻ്റെ ഭാര്യ രമ്യ കിടപ്പുമുറിയിൽ ഉറങ്ങുന്നതിനിടെയാണ് മോഷണം നടന്നത്. വീടിൻ്റെ ജനലിനോട് ചേർന്നായിരുന്നു ഇവർ കിടന്നിരുന്നത്. ജനലിൻ്റെ കൊളുത്തുള്ള ഭാഗം തടി തുരക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ച് തുറന്ന ശേഷമാണ് മോഷ്ടാവ് അകത്തേക്ക് കൈയെത്തിച്ച് പാദസരം മുറിച്ചെടുത്തതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
പുലർച്ചെ മൂന്നോടെ ഉണർന്നപ്പോഴാണ് ഒരു കാലിലെ പാദസരം നഷ്ടപ്പെട്ടതായി രമ്യ ശ്രദ്ധിച്ചത്. വീട്ടിനുള്ളിൽ തന്നെ വീണിട്ടുണ്ടാകുമെന്ന കരുതലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ജനൽ പരിശോധിച്ചപ്പോഴാണ് കൊളുത്തിന് സമീപം തുരന്നതിൻ്റെ പാടുകളും ദ്വാരങ്ങളും കണ്ടെത്തിയത്.
തുടർന്ന് നൂറനാട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ വീടിൻ്റെ തെക്കുഭാഗത്ത് മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ കാൽപ്പാടുകളും കണ്ടെത്തി.
സമാന രീതിയിൽ നേരത്തെ നടന്ന മോഷണക്കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. മോഷ്ടാവിനെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.