കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന കോടികൾ വിലമതിക്കുന്ന എംഡിഎംഎ ശേഖരവുമായി മൂന്ന് മലയാളി യുവാക്കൾ പിടിയിൽ. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കോയമ്പത്തൂരിൽ നിന്ന് പ്രതികളെ പിടികൂടിയത്.
മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം മഞ്ചേരി ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരാണ് അറസ്റ്റിലായത്. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപകമായി ലഹരിവ്യാപനം നടത്തുന്ന അന്തർസംസ്ഥാന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
മഞ്ചേരിയിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ 100 ഗ്രാം എംഡിഎംഎയുമായി ആറുപേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ലഹരിക്കടത്തിൻ്റെ പ്രധാന കണ്ണികളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്.
ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ രഹസ്യ കേന്ദ്രങ്ങൾ ഒരുക്കി വൻതോതിൽ എംഡിഎംഎ ശേഖരിച്ച ശേഷം കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നതായിരുന്നു സംഘത്തിൻ്റെ രീതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ആഡംബര കാറുകളിൽ രഹസ്യ അറകൾ നിർമിച്ച് അതിലാണ് ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തിയിരുന്നത്. പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ കോയമ്പത്തൂർ, പഴനി, പൊള്ളാച്ചി, കൊടൈക്കനാൽ തുടങ്ങിയ തിരക്കേറിയ പ്രദേശങ്ങൾ ഇടത്താവളങ്ങളായും ഉപയോഗിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
ഈ മേഖലകളിൽ നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് കോയമ്പത്തൂർ നഗരത്തിന് സമീപത്തുനിന്ന് മൂന്ന് പേരെയും പിടികൂടിയത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലവരുമെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. ലഹരിക്കടത്ത് ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.