ശബരിമലയിൽ 19,20 തീയതികളിൽ ആഗോള അയ്യപ്പസംഗമത്തോടനുബന്ധിച്ച് ഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിംഗിന് നിയന്ത്രണം. വെർച്വൽ ക്യൂ വഴി ഈ ദിവസങ്ങളിൽ 1000 പേർക്കേ ബുക്കിംഗ് ചെയ്യാനാകൂ. ഇതുവരെ പമ്പയിലെ സ്പോട്ട് ബുക്കിംഗിൽ നിയന്ത്രണമില്ല. നാളെ കന്നിമാസ പൂജകൾക്കായി നട തുറക്കും.
വൈകിട്ട് 5 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നിയേകും. കന്നിമാസപൂജകൾ ആരംഭിക്കുക 17 ന് രാവിലെ 5 മുതലാണ്.
പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി 10 ന് നട അടയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 20 ന് നടക്കുന്ന അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യും. വി.വി.ഐ.പി. വി.ഐ.പി വാഹനങ്ങൾക്ക് നാലിടത്തായി പ്രത്യേക പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്.