പെണ്‍കുട്ടിയെ ആക്രമിച്ച് സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു. കൊച്ചി കളമശ്ശേരിയില്‍ ആണ് സംഭവം. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തലയില്‍ മുണ്ടിട്ട് ഒരാള്‍ അക്രമിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 8.15 ഓടെയാണ് സംഭവം.
റെയില്‍വേ പാളം കടന്നു വരുന്നതിനിടെ അക്രമി പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ശേഷം അവിടെയുണ്ടായിരുന്ന പില്ലറില്‍ തല ഇടിപ്പിക്കുകയും ചെയ്തശേഷം കവര്‍ച്ച നടത്തി കടന്നു കളയുകയുമായിരുന്നു. പെൺകുട്ടിയുടെ തലയുടെ പിൻഭാഗത്ത് മുറിവേറ്റിട്ടുണ്ട്. ഒരു പവനിലേറെ തൂക്കം വരുന്ന സ്വർണമാലയാണ് അക്രമി കവർന്നത്. പെൺകുട്ടിയുടെ സുഹൃത്തുക്കളെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.