മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നിർണായക നടപടികളിലേക്ക്. റിപ്പോർട്ടർ കമ്പനിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ കഴിയുന്ന തരത്തിലുള്ള തെളിവുകൾ ലഭിച്ചതായി എസ്ഐടി വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും.

നിലവിലെ എഫ്‌ഐആറിൽ അഴിമതി കുറ്റം കൂടി ഉൾപ്പെടുത്തി കേസ് പുതുക്കാനാണ് എസ്ഐടിയുടെ നീക്കം. റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അഴിമതി കേസിൽ പ്രതി ചേർത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ഇടപാടുകളിലെ സാമ്പത്തിക ഇടപാടുകളും കമ്പനിയുടെ പങ്കും അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. പരിശോധനകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും തുടർനടപടികൾ.

അതേസമയം, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), കസ്റ്റംസ് എന്നിവയുടെ അന്വേഷണം ആവശ്യപ്പെടാനും എസ്ഐടി സർക്കാരിനോട് ശുപാർശ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും ശുപാർശ നൽകാനാണ് നീക്കം.

Related Posts