സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ ശ്രീലങ്കൻ മുൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. ഇദ്ദേഹം മൊഴിയെടുക്കുന്നതിൻ്റെ ഭാഗമായി ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് (സിഐഡി) ആസ്ഥാനത്ത് എത്തിയിരുന്നു. വിക്രമസിംഗെയെ ഇവിടെ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യ പ്രൊഫസർ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായി ഇംഗ്ലണ്ടിലേക്ക് പോകാൻ 2023 സെപ്തംബറിൽ സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്‌തുവെന്നാണ് വിക്രമസിംഗെയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. വിക്രമസിംഗെ യുഎസിൽ നടന്ന ഒരു ഔദ്യോഗിക ചടങ്ങിന് ശേഷമാണ് സർക്കാർ ചെലവിൽ യുകെ സന്ദർശിച്ചത്. വിക്രമസിംഗെയുടെ ജീവനക്കാരെയും നേരത്തെ സിഐഡി ചോദ്യം ചെയ്തിരുന്നു.

ഗോതബയ രാജപക്സെയ്ക്ക് പകരം പ്രസിഡൻ്റായി അധികാരമേറ്റ വ്യക്തി കൂടിയാണ് വിക്രമസിംഗെ 2022 ജൂലായ് മുതൽ 2024 സെപ്‌തംബർ വരെ പ്രസിഡൻ്റായിരുന്നു. ശ്രീലങ്കയെ 2022 ലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റിയതിന് ഇദ്ദേഹം ബഹുമതിയും നേടിയിട്ടുണ്ട്. വിക്രമസിംഗെ 6 തവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

Related Posts