വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പുനഃപരിശോധനയ്ക്ക് ആധാർ കാർഡ് സമർപ്പിക്കാം: സുപ്രീംകോടതി
വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പേര് പുനഃപരിശോധനയ്ക്ക് ആധാർ കാർഡ് സമർപ്പിക്കാമെന്ന് സുപ്രീംകോടതി. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാമെന്നും ഫോമുകൾ ഇതിനായി നേരിട്ട് നൽകേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷയോടൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള പതിനൊന്ന് രേഖകളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ ആധാർ കാർഡോ സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ. ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരെ പാർട്ടികൾ സഹായിക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി. ഫോമുകൾ സമർപ്പിക്കുന്നതിന് അതത് ബൂത്തുകളിലെ ആളുകളെ സഹായിക്കാൻ തങ്ങളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് നിർദ്ദേശം നൽകണമെന്ന് ബിഹാറിലെ 12 അംഗീകൃത രാഷ്ട്രീയ പാർട്ടികളോടാണ് കോടതി നിർദേശിച്ചിരിക്കുന്നത്.