പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ നാല് ശതമാനത്തിൻ്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ബാരൽ ക്രൂഡ് ഓയിലിൻ്റെ വില 79 ഡോളറിലെത്തി.
ഹോർമൂസ് കടലിടുക്കിൽ ജിഎഫ്എസ് ഗാലക്സി എന്ന വാണിജ്യ കപ്പൽ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് വിപണിയിൽ ആശങ്ക ശക്തമായത്. ആഗോള എണ്ണവിതരണത്തിന് നിർണായകമായ ഹോർമൂസ് കടലിടുക്കിൽ സുരക്ഷാ ഭീഷണി ഉയർന്നതോടെ എണ്ണവിലയിൽ വലിയ ചാഞ്ചാട്ടമുണ്ടായി.
ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഇന്ധനവില കുറയുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വർധിക്കുന്നത് പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.