പ്രമുഖ കലാസാംസ്കാരിക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ശാസ്ത്രരംഗത്തെ ഔദ്യോഗിക പദവികൾ ഉപേക്ഷിച്ച് പൂർണസമയ കലാപ്രവർത്തകനായി. കലാകാരന്മാരെ അണിനിരത്തി അദ്ദേഹം ആരംഭിച്ച ‘സൂര്യ ഫെസ്റ്റിവൽ’ ലോകത്തിലെ ശ്രദ്ധേയമായ സ്വകാര്യ സാംസ്കാരികോത്സവങ്ങളിലൊന്നായി മാറുകയും ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടുകയും ചെയ്തു.
മലയാളത്തിലെ ആദ്യ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ശിൽപിയായും സൂര്യ കൃഷ്ണമൂർത്തി ശ്രദ്ധേയനായി. ‘മേൽവിലാസം’ ഉൾപ്പെടെ നിരവധി നാടകങ്ങളുടെ അണിയറയിൽ പ്രവർത്തിച്ച അദ്ദേഹം സിനിമാ രംഗത്തും സാന്നിധ്യമറിയിച്ചു.
1951 ഏപ്രിൽ 11ന് കോട്ടയത്ത് ടി. നടരാജപിള്ളയുടെയും സി. സരസ്വതി അമ്മയുടെയും മകനായി ജനിച്ചു. നടരാജ കൃഷ്ണമൂർത്തി എന്നായിരുന്നു ഔദ്യോഗിക പേര്. തിരുവനന്തപുരം മോഡൽ സ്കൂൾ, ആർട്സ് കോളജ്, കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1972ൽ ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1999ൽ സ്വയം വിരമിച്ചാണ് കലാരംഗത്ത് സജീവമായത്.
കേരള സംഗീത നാടക അക്കാദമി ചെയർമാൻ, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ, സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ സമിതികളിലും ഇന്ത്യൻ പനോരമ സെലക്ഷൻ സമിതിയിലും ദൂരദർശൻ ഉപദേശക സമിതിയിലും അംഗമായിരുന്നു.
‘മേൽവിലാസം’, ‘പുലരി’, ‘തുടക്കം’, ‘തുടർച്ച’, ‘നീലവെളിച്ചം’, ‘അവതാരം’, ‘സ്ത്രീ പർവം’ തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ. മികച്ച സ്റ്റേജ് ക്രാഫ്റ്റ് ആൻഡ് ഡയറക്ഷനുള്ള രാഷ്ട്രപതിയുടെ ബഹുമതി, കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. 2003ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ ‘മാൻ ഓഫ് ദി ഇയർ’ ബഹുമതിയും ലഭിച്ചു.