മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു.കുരുവിള (89) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.12ന് കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു. കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനാണ്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മൂന്നാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
2006, 2011 വർഷങ്ങളിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ നിന്ന് തുടർച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പി.ജെ ജോസഫ് രാജിവെച്ച ഒഴിവിൽ 2006 നവംബർ മുതൽ 2007 സെപ്റ്റംബർ രണ്ട് വരെയാണ് ടി.യു കുരുവിള മന്ത്രിയായിരുന്നത്. കോതമംഗലം ഊഞ്ഞപ്പാറയിൽ ഉതുപ്പ്-മറിയം ദമ്പതികളുടെ മകനായി 1936ലാണ് ജനനം. സിവിൽ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമ ബിരുദധാരിയാണ്. ലണ്ടനിലെ സൗത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണററി ഡി.ലിറ്റ് ബിരുദം ലഭിച്ചിട്ടുണ്ട്.
ഭാര്യ: ഊഞ്ഞാപ്പാറ കല്ലുങ്കൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: റീന, ഡോ. രേണു, റെമി, ഡോ. രേഖ, എൽദോ. മരുമക്കൾ: ഡോ. പോൾ ജേക്കബ്, പരേതനായ പൗവ്വൽസ് കുര്യൻ, തോമസ് മുത്തൂറ്റ്, പരേതനായ സുദീപ് തോമസ് ജോൺ, റിതിക അസറിയ.
ഇന്ന് വൈകീട്ട് നാല് മുതൽ കോതമംഗലത്തെ വീട്ടിൽ പൊതുദർശനമുണ്ടാകും. നാളെ ഉച്ചക്ക് രണ്ട് വരെ കോതമംഗലം ചേലാട് ബസേലിയോസ് ഡൻ്റൽ കോളജിലും പൊതുദർശനമുണ്ടാകും. ശേഷം ചേലാട് സെൻ്റ് സ്റ്റീഫൻസ് ബെസ് ആനിയ വലിയ പള്ളിയിലാണ് സംസ്കാരം.