കോഴിക്കോട് നരിക്കുനി കാരുകുളങ്ങര പുതുശ്ശേരി പാലത്തിന് സമീപം തോട്ടിൽ വീണ അഞ്ച് വയസ്സുകാരി മരിച്ചു. കാവുംപൊയിൽ വയപ്പുറം കൊട്ടയോട്ട് താഴം വേലാകണ്ടിയിൽ റഊഫ്–സബീന ദമ്പതികളുടെ മകൾ ഹന ഫാത്തിമ (5) ആണ് മരിച്ചത്. തോട്ടിൽ വീണ കുട്ടിയെ ഉടൻ തന്നെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂർഖൻകുണ്ട് നെടിയനാട് ജിഎംഎൽപി സ്കൂളിലെ എൽകെജി വിദ്യാർഥിനിയായിരുന്നു ഹന ഫാത്തിമ. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.