ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി എം ടി സി) കണ്ടക്ടർ ടി.ജി.രാമകൃഷ്ണ വീണ്ടും ജോലിയിൽ പ്രവേശിച്ചു. ഗതാഗത മന്ത്രി ബൈരതി സുരേഷിനോട് ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് സസ്പെൻഷൻ പിൻവലിച്ചത്. ഈ മാസം നടന്ന അപ്രതീക്ഷിത പരിശോധനയ്ക്കിടെ മന്ത്രി സാധാരണ യാത്രക്കാരനായി ബിഎംടിസി ബസിൽ യാത്ര ചെയ്തിരുന്നു. ടിക്കറ്റ് എടുക്കുന്നതിനിടെ കൃത്യമായ ചില്ലറ ഇല്ലാത്തതിനെ തുടർന്ന് കണ്ടക്ടർ മന്ത്രിയോട് ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതാണ് വിവാദമായത്.

സംഭവത്തെ തുടർന്ന് കണ്ടക്ടറെ ബിഎംടിസി സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് രാമകൃഷ്ണ മന്ത്രി ബൈരതി സുരേഷിനെ നേരിൽ കണ്ട് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് സസ്പെൻഷൻ പിൻവലിച്ച് വീണ്ടും ജോലിയിൽ പ്രവേശിപ്പിക്കാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു. അതേസമയം, യാത്രക്കാരുമായി ഇടപെടുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും മന്ത്രി നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്.

Related Posts