മലയാളി നഴ്‌സിങ് വിദ്യാർഥിനി കർണാടകയിൽ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യചെയ്‌ത സംഭവത്തിൽ കോളേജ് പ്രിൻസിപ്പാളിനും മാനേജ്മെൻ്റിനുമെതിരെ ആരോപണവുമായി പെൺകുട്ടിയുടെ കുടുംബവും ബന്ധുക്കളും.

പ്രിൻസിപ്പാളിൻ്റെയും കോളേജ് മാനേജ്മെൻ്റിൻ്റെയും നിരന്തര മാനസികപീഡനം മൂലമാണ് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക ആത്മഹത്യ ചെയ്‌തതെന്ന് സഹപാഠികളും ബന്ധുക്കളും ആരോപിക്കുന്നത്

കനക്‌പുരയിലെ ദയാനന്ദ് സാഗർ നഴ്സിങ് കോളേജിലെ ഒന്നാംവർഷ നഴ്‌സിങ് വിദ്യാർഥിനിയായിരുന്നു അനാമിക. ഹോസ്റ്റൽ മുറിയിൽ ചൊവ്വാഴ്ച രാത്രിയാണ് അനാമികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനാമിക കോളേജിൽ പ്രവേശിച്ചിട്ട് നാലുമാസം മാത്രമേ ആയിട്ടുള്ളൂ.

ഇതിനിടയിൽതന്നെ അധ്യാപകരുടെയും മാനേജ്മെൻ്റിൻ്റെയും ഭാഗത്തുനിന്ന് കടുത്ത സമ്മർദം അനാമിക നേരിട്ടുവെന്നാണ് സഹപാഠികളും കുടുംബവും ആരോപിച്ചു.

‘അനാമികയെ വല്ലാതെ ടോർച്ചർ ചെയ്‌തു. പിന്നെ ഓഫീസ് റൂമിൽ പ്രിൻസിപ്പാൾ മേഡത്തിൻ്റെ ക്യാബിനിൽ വിളിച്ചുകൊണ്ടുപോയി അവിടെ വെച്ച് കുറേക്കാര്യങ്ങൾ പറഞ്ഞുവെന്നാണ് പറയുന്നത്. അനാമിക എന്നോടുവന്ന് സംസാരിച്ചിരുന്നു.

ഇനി നീ പഠിച്ചിട്ട് കാര്യമില്ല. എത്ര പഠിച്ചാലും പാസാക്കാതെ ഫെയിൽ ആക്കി അവിടെ ഇരുത്തുമെന്ന് പറഞ്ഞെന്നാണ് പറഞ്ഞത്’, അനാമികയുടെ സുഹൃത്തുക്കളിലൊരാൾ പ്രതികരിച്ചു. അനാമികയുടെ മരണത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് കോളേജിൽ നടന്നത്.

ഹോസ്റ്റൽ മുറിയിൽ രണ്ട് ആത്മഹത്യക്കുറിപ്പുകൾ അനാമിക എഴുതിവെച്ചിരുന്നുവെന്നാണ് സഹപാഠികൾ പറയുന്നത്. എന്നാൽ, ഇതിലൊന്ന് മനേജ്മെൻ്റ് മാറ്റിയെന്നും സഹപാഠികൾ പറയുന്നു.

ഇൻ്റണൽ പരീക്ഷയ്ക്കിടെ അനാമികയുടെ കയ്യിൽ മൊബൈൽ ഫോൺ കണ്ടെന്നും അത് കോപ്പിയടിക്കാൻ കൊണ്ടുവന്നതാണെന്ന് ഡീൻ പറഞ്ഞുവെന്നും സഹപാഠികൾ ആരോപിക്കുന്നു.

ഇതേത്തുടർന്ന് കോളേജിൽ വരേണ്ടെന്ന് അനാമികയോടു പറഞ്ഞെന്നും സഹപാഠികൾ കൂട്ടിച്ചേർത്തു. എന്നാൽ ഈ ആരോപണങ്ങൾ കോളേജ് അധികൃതർ നിഷേധിക്കുകയാണ് ചെയ്തത്.

Related Posts