അമേരിക്ക തിരിച്ചയച്ചവരില്‍ കൂടുതൽ പേരും ഗുജറാത്ത്, ഹരിയാന സ്വദേശികൾ. ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ, കനത്ത സുരക്ഷയിൽ ഇറങ്ങിയ സി-17 യു.എസ്. സൈനിക വിമാനത്തിലുണ്ടായിരുന്നത് ഗുജറാത്ത്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. തിരിച്ചയക്കപ്പെട്ടവരിൽ 25 പേർ സ്ത്രീകളും 12 പേർ പ്രായപൂർത്തായാകാത്തവരുമാണ്.
കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് നാലുവയസ്. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി അമേരിക്ക തിരിച്ചയച്ച 104 ഇന്ത്യക്കാരിൽ നാൽപ്പത്തിയെട്ടുപേരും 25 വയസ്സിൽ താഴെ പ്രായമുള്ളവരാണെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിക്ക് ടെക്സസിൽനിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച രാവിലെയാണ് പഞ്ചാബിലെ അമൃത്സറിൽ ഇറക്കിയത്. ഗുജറാത്തിൽ നിന്നും ഹരിയാനയിൽ നിന്നും 33 പേർ വീതം.
പഞ്ചാബിൽനിന്ന് 30 പേരും ഉത്തർ പ്രദേശിൽനിന്നും ചണ്ഡീഗഢിൽനിന്നും രണ്ടുപേർ വീതവും. മൂന്നുപേർ മഹാരാഷ്ട്രക്കാരാണ്. തിരിച്ചയക്കൽ നടപടികളുടെ മേൽനോട്ടത്തിന് 11 ക്രൂ അംഗങ്ങളും 45 യു.എസ്. ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു. ആവശ്യമായ പരിശോധനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇവരെ വിമാനത്താവളത്തിൽ നിന്ന് പോകാൻ അനുവദിക്കുന്നത്.
അമൃത്സർ വിമാനത്താവളത്തിൽ എത്തുന്ന ആളുകളുടെ രേഖകൾ പരിശോധിക്കുന്നതിനും മറ്റുമായി പ്രത്യേക കൗണ്ടറുകൾ തുറന്നിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം നടത്തുന്നത്. അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഡൊണാൾഡ് ട്രംപ് സൈനിക വിമാനങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്.