സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. പവന് 200 രൂപയും ഒരു ഗ്രാം സ്വർണത്തിന് 25 രൂപയുമാണ് ഇന്നത്തെ വർധനവ് . പവന് 63,440 രൂപയെന്ന സർവകാല റെക്കോഡിലാണ് ഇന്ന് വിൽപ്പന. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് പവന് 1800 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില 7,930 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വിപണി വില 6550 രൂപയും. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയിൽ തുടരുകയാണ്. പണിക്കൂലിയും ജി.എസ്.ടിയുമടക്കം 70,000 രൂപയോളം നൽകിയാലേ പവൻ സ്വർണാഭരണം വാങ്ങാനാകൂ. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിരവധിപേർ വാങ്ങിക്കൂട്ടുന്നതാണ് സ്വർണവില ഉയരാൻ കാരണമാകുന്നത്.
അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വ്യാപാര നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. ചുരുങ്ങിയ ദിവസത്തിനിടെ വില ഒറ്റയടിക്ക് ഇത്രയും ഉയരുന്നത് ചരിത്രത്തിൽ ആദ്യമാണ്.