വയനാട് മേപ്പാടിയിൽ അട്ടമല സ്വദേശി ബാലനാണ് (27) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഇന്നലെ രാത്രി അട്ടമല ഗ്ലാസ് ബ്രിഡ്ജിന് സമീപത്താണ് ആക്രമണമുണ്ടായത്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾക്ക് സമീപമുള്ള സ്ഥലമാണ് അട്ടമല.
ഉരുൾപൊട്ടലിന് ശേഷം ഇവിടെ വന്യമൃഗ ശല്യം രൂക്ഷമാണെന്ന് അധികൃതരെ അറിയിച്ചിട്ടും അധികൃതർ വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അട്ടമലയിൽ പുലിയുടെ ശല്യവും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
നേരത്തെ ബാലൻ്റെ രണ്ട് പശുക്കളെ പുലി ആക്രമിച്ചിരുന്നു. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
കാട്ടാനകളുടെ ആക്രമണത്തിൽ തിരുവനന്തപുരത്തും വയനാട്ടിലും കഴിഞ്ഞ ദിവസം രണ്ട് ജീവനുകൾ പൊലിഞ്ഞിരുന്നു. രണ്ടുപേരും ആദിവാസി വിഭാഗത്തിൽപെട്ടവരാണ്.