ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഒരു കുടുംബത്തിലെ നാലുപേരെ മർദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. പാപ്പിനിവട്ടം കളരിപ്പറമ്പ് കറുത്തവീട്ടിൽ രാംവിലാസ് (30) ആണ് മതിലകം പൊലീസിൻ്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ എറണാകുളത്തുനിന്നാണ് പൊലീസ് പിടികൂടിയത്.

കളരിപ്പറമ്പ് കുന്നത്ത് വീട്ടിൽ സലീഷ് (40), ഭാര്യ, പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കൾ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ജൂലൈ 24ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കുട്ടികൾക്ക് ഡാൻസ് കളിക്കാനായി നൽകിയിരുന്ന ബ്ലൂടൂത്ത് സ്പീക്കർ രാംവിലാസ് തിരികെ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

ഭാര്യയ്ക്കൊപ്പം സ്കൂട്ടറിൽ വരികയായിരുന്ന സലീഷിനെ തടഞ്ഞുനിർത്തി രാംവിലാസ് മർദിച്ച ശേഷം വീടിൻ്റെ പിൻഭാഗത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. തടയാനെത്തിയ സലീഷിൻ്റെ ഭാര്യയെയും രക്ഷിക്കാനെത്തിയ രണ്ട് പെൺമക്കളെയും പ്രതി ആക്രമിച്ചു. തുടർന്ന് നാലുപേരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി ഇവരുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ രാംവിലാസിനെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എറണാകുളത്തുനിന്ന് പിടികൂടിയത്.

മതിലകം പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമക്കേസുകളും അഞ്ച് അടിപിടിക്കേസുകളും ഉൾപ്പെടെ പത്ത് ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാംവിലാസ്. മൂന്ന് തവണ കാപ്പ നിയമപ്രകാരം ഇയാളെ നാടുകടത്തിയിട്ടുമുണ്ട്.

Related Posts