‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി വയോധികനിൽ നിന്ന് 10.74 കോടി രൂപ തട്ടിയെടുത്ത കേസിൽ സോഷ്യൽ മീഡിയ താരം അറസ്റ്റിൽ. ഛത്രപതി സംഭാജിനഗർ സ്വദേശിയായ രോഹൻ ജാദവ് ആണ് പിടിയിലായത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിബിഐ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം വയോധികനെ ബന്ധപ്പെട്ടത്. തുടർന്ന് ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 10.74 കോടി രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
താൻ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ വയോധികൻ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഹർഷദ് സുഭാഷ് ധൻടോലെ, സമർത് സുരേഷ് ദേശ്മുഖ്, അമർ ശിവാജി അട്ടാർഖി എന്നിവർ പിടിയിലായി. ഇവരിൽ നിന്നാണ് രോഹൻ ജാദവിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.
തുടർന്ന് രോഹൻ ഒളിവിൽ പോയി. വയോധികനിൽ നിന്ന് തട്ടിയെടുത്ത പണം 5,436 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരുന്നത്. പൊലീസ് ബാങ്ക് അക്കൗണ്ടുകളും മറ്റ് വരുമാന മാർഗങ്ങളും മരവിപ്പിച്ചതോടെ രോഹൻ കോടതിയിൽ കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും തട്ടിയെടുത്ത പണം എവിടേക്കെല്ലാം മാറ്റിയെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.