ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ നോർവെയെ 4-1ന് തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേക്ക് മുന്നേറി. ബോസ്റ്റണിൽ നടന്ന മത്സരത്തിൽ ഉസ്മാൻ ഡെംബലെ ഹാട്രിക് നേടി ഫ്രാൻസിൻ്റെ വിജയശില്പിയായി. ഡിസൈർ ഡൂവേ ഒരു ഗോളും നേടി. നോർവെയുടെ ആശ്വാസഗോൾ തെലോ ആസ്ഗാർഡിൻ്റെ വകയായിരുന്നു.
ഈ വിജയത്തോടെ ഫ്രാൻസ് ഒമ്പത് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. ആറ് പോയിന്റുള്ള നോർവെയും രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് ഉറപ്പിച്ചു.
അതേസമയം, മറ്റൊരു ഗ്രൂപ്പ് മത്സരത്തിൽ ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് സെനഗൽ പ്രതീക്ഷകൾ സജീവമാക്കിയത്. പാപ്പെ ഗുയേ ഇരട്ടഗോൾ നേടിയപ്പോൾ ഹബീബ് ഡിയോറ, ഇസ്മായില സാർ, ലിമാൻ എൻഡിയായെ എന്നിവർ ഓരോ ഗോൾ വീതം നേടി.
മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുള്ള സെനഗലിൻ്റെ നോക്കൗട്ട് സാധ്യത ഇപ്പോഴും നിലനിൽക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് മത്സരഫലങ്ങളും മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയും വ്യക്തമാകുന്നതോടെയാകും സെനഗലിൻ്റെ ഭാവി തീരുമാനിക്കുക.