ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 16 ആയി വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. ജൂലൈ ആദ്യവാരത്തോടെ അധിക കോച്ചുകളോടെ സർവീസ് ആരംഭിക്കുമെന്നാണ് വിവരം. ഓണസീസണിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ബെംഗളൂരു മലയാളികൾക്ക് ഇത് വലിയ ആശ്വാസമാകും. കോച്ചുകൾ 16 ആകുന്നതോടെ നിലവിലെ 530 സീറ്റുകൾ 1,128 ആയി ഉയരും. ഇതോടെ ഓരോ സർവീസിലും 598 അധിക സീറ്റുകൾ ലഭ്യമാകും. ആഴ്ചയിൽ ആറു ദിവസങ്ങളിലായി ഒരു ദിശയിൽ മാത്രം 6,768 പേർക്ക് അധികമായി യാത്ര ചെയ്യാനാകും.
ഓഗസ്റ്റ് 21, 22 തീയതികളിലെ ഓണയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ തന്നെ വെയ്റ്റിങ് ലിസ്റ്റിലേക്ക് മാറിയിരുന്നു. യാത്രക്കാരുടെ വർധിച്ച ആവശ്യം കണക്കിലെടുത്താണ് കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള തീരുമാനം. കഴിഞ്ഞ വർഷം നവംബറിലാണ് ബെംഗളൂരു–എറണാകുളം വന്ദേഭാരത് സർവീസ് ആരംഭിച്ചത്.
630 കിലോമീറ്റർ ദൂരം വെറും 8 മണിക്കൂർ 40 മിനിറ്റിലാണ് ട്രെയിൻ പിന്നിടുന്നത്. ഒമ്പത് സ്റ്റോപ്പുകൾ മാത്രമുള്ള ട്രെയിൻ രാവിലെ 5.10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളം ജംക്ഷനിലെത്തും. മടങ്ങിയാത്രയിൽ ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരുവിലെത്തും.
ചെയർ കാർ ടിക്കറ്റിന് ഭക്ഷണം ഉൾപ്പെടെ 1,670 രൂപയും എക്സിക്യൂട്ടീവ് ചെയർ കാർ ടിക്കറ്റിന് 3,030 രൂപയുമാണ് നിലവിലെ നിരക്ക്. യാത്രക്കാരുടെ വർധിച്ച തിരക്ക് പരിഗണിച്ച് കോച്ചുകൾ വർധിപ്പിച്ചതോടെ ഉത്സവസീസണിലെ ടിക്കറ്റ് ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.