കോൺഗ്രസിന് എൻഎസ്എസുമായി നല്ല ബന്ധമാണ് ഉള്ളതെന്ന് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ അവർക്ക് അവരുടേതായ നിലപാടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. സർക്കാർ നടത്തിയ അയ്യപ്പസംഗമവും അതിനുപിന്നാലെ നടത്തിയ ബദൽ സംഗമവും യുഡിഎഫും കോൺഗ്രസും അംഗീകരിക്കുന്നില്ല എന്നും ചെന്നിത്തല പറഞ്ഞു.
ആർഎസ്എസ് ചില നിക്ഷിപ്ത താത്പര്യങ്ങൾക്കുവേണ്ടിയാണ് അയ്യപ്പസംഗമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുൻപ് നടത്തിയ നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരേ നിരവധി കേസുകളാണ് സർക്കാർ എടുത്തത്. തനിക്കെതിരേയും മരണപ്പെട്ട ഉമ്മൻ ചാണ്ടിക്കെതിരേയും വരെ കേസുകളുണ്ട്. ഉമ്മൻ ചാണ്ടി മരിച്ച ശേഷവും സർക്കാർ കേസുമായി മുന്നോട്ടു പോവുകയാണ് ചെയ്തത്. ഒടുവിൽ കോടതിയാണ് ഇക്കാര്യത്തിൽ ഇടപെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.