ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്ത് വിവരങ്ങൾ പുറത്തേക്കു ചോർത്തി. എന്തൊക്കെ വിവരങ്ങളാണ് ചോർത്തിയതെന്നു കണ്ടെത്താനായിട്ടില്ല. ഡാറ്റകൾക്കും പ്രോഗ്രാമുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ് നൽകിയ പരാതിയിൽ സിറ്റി സൈബർ പോലീസ് കേസെടുത്തു. സാമ്പത്തികത്തട്ടിപ്പാണോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങൾക്കാണോ വിവരങ്ങൾ ചോർത്തിനൽകിയതെന്നും പോലീസ് പരിശോധിക്കുകയാണ്.
ഓൺലൈൻ വഴിയുള്ള സാമ്പത്തിക ഇടപാടുകളെയും ക്ഷേത്രസുരക്ഷയെയും ഹാക്കിങ് ബാധിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ക്ഷേത്രത്തിലെ കംപ്യൂട്ടർ സംവിധാനം പ്രവർത്തനരഹിതമാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് നുഴഞ്ഞുകയറ്റമെന്നും പരാതിയിൽ പറയുന്നു.