ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ബെംഗളൂരുവിലെ വായുഗുണനിലവാരത്തിൽ ഗണ്യമായ ഇടിവ്. കഴിഞ്ഞ വർഷത്തെ ദീപാവലിയെ അപേക്ഷിച്ച് ഇത്തവണ നഗരത്തിലെ വായുമലിനീകരണ സൂചികയിൽ (AQI) ഏകദേശം 25 ശതമാനം വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഞായറാഴ്ച രാത്രി വ്യാപകമായി പടക്കം പൊട്ടിച്ചതാണ് മലിനീകരണം ഉയരാൻ കാരണമായ പ്രധാന ഘടകങ്ങളിലൊന്ന്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ (CPCB) കണക്കുകൾ പ്രകാരം ശനിയാഴ്ച ബെംഗളൂരുവിലെ എക്യുഐ 53 ആയിരുന്നു. ഞായറാഴ്ച രാത്രി എട്ടിന് ഇത് 74 ആയി ഉയർന്നു. രാത്രി പത്തോടെ 85 ആയി ഉയർന്നു. അർധരാത്രിയോടെ 102 കടന്നു. തിങ്കളാഴ്ച ഉച്ചയോടെ ഏകദേശം 133 ആയി ഉയർന്നു. തിങ്കളാഴ്ച നഗരത്തിലെ മൊത്തത്തിലുള്ള എക്യുഐ 129 രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ദീപാവലി ദിനത്തിൽ അർധരാത്രിയിലെ എക്യുഐ 82 ആയിരുന്നെങ്കിൽ ഇത്തവണ അത് 102 ആയി. ഇതാണ് ഏകദേശം 25 ശതമാനം വർധനയായി കണക്കാക്കുന്നത്.
വായുമലിനീകരണ സൂചിക ഏറ്റവും കൂടുതൽ മജസ്റ്റിക്കിൽ ആയിരുന്നു. കെഎസ്ആർ റെയിൽവേ സ്റ്റേഷൻ (മജസ്റ്റിക്) – 228, സിൽക്ക് ബോർഡ് – 152, ഹൊംബെഗൗഡ നഗർ-139, ജയനഗർ അഞ്ചാം ബ്ലോക്ക് – 135, ഹെബ്ബാൾ – 121 എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളിലെ വായുമലിനീകരണ സൂചിക. മജസ്റ്റിക്കിൽ രേഖപ്പെടുത്തിയ 228 എന്ന എക്യുഐ മോശം വായുഗുണനിലവാര വിഭാഗത്തിലാണ്. സിൽക്ക് ബോർഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും മലിനീകരണം ഉയർന്ന നിലയിലായിരുന്നു.
ആസാം പ്രേംജി സർവകലാശാലയിലെ വായുമലിനീകരണ വിദഗ്ധ ഡോ. മനീഷ മിശ്രയുടെ അഭിപ്രായത്തിൽ, പടക്കങ്ങളിൽ നിന്നും മറ്റ് ജ്വലന സ്രോതസ്സുകളിൽ നിന്നും പുറത്തുവരുന്ന സൂക്ഷ്മകണങ്ങൾ ആരോഗ്യത്തിന് ഹാനികരമാണ്. പ്രത്യേകിച്ച് തിരക്കേറിയ റോഡുകൾക്ക് സമീപം താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും കൂടുതൽ ശ്രദ്ധിക്കണം.
പടക്കങ്ങൾ പ്രധാന കാരണമാണെങ്കിലും വാഹനങ്ങളിൽ നിന്നുള്ള പുക, കാലാവസ്ഥയിലെ മാറ്റങ്ങൾ, മഴയുടെ അഭാവം, കാറ്റിന്റെ വേഗത കുറയുന്നത് തുടങ്ങിയ ഘടകങ്ങളും വായുമലിനീകരണത്തെ സ്വാധീനിക്കുന്നുണ്ട്. 2025-ൽ ദീപാവലി സമയത്ത് മഴ ലഭിച്ചതും പടക്കം പൊട്ടിക്കുന്നവരുടെ എണ്ണം കുറഞ്ഞതും മലിനീകരണം കുറയാൻ സഹായിച്ചുവെന്ന് കർണാടക വനം, പരിസ്ഥിതി മന്ത്രി രാമലിംഗ റെഡ്ഡി ചൂണ്ടിക്കാട്ടി.
കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ബി. ശിവണ്ണയുടെ അഭിപ്രായത്തിൽ, നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ പ്രായോഗികമായ വെല്ലുവിളികളുണ്ട്. നവംബർ 8 മുതൽ 10 വരെ രാത്രി എട്ട് മുതൽ പത്ത് വരെയാണ് പടക്കം പൊട്ടിക്കാൻ അനുവദിച്ചിരുന്ന സമയം. ഗ്രീൻ ക്രാക്കറുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ടായിരുന്നു. അനുവദിച്ച സമയത്തിന് ശേഷവും പടക്കം പൊട്ടിച്ചതായി റിപ്പോർട്ടുകളുണ്ട്.