നഗരത്തെ നടുക്കിയ ഏഴംഗ കുടുംബത്തിൻ്റെ കൂട്ടക്കൊലക്കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രതിയായ ക്യാബ് ഡ്രൈവർ ഇന്ദുശേഖറിൻ്റെ ഭാര്യയുടെ സഹോദരൻ ശിവകുമാറിൻ്റെയും ഭാര്യ ദിവ്യയുടെയും മൃതദേഹങ്ങൾ മൈസൂരുവിലെ ചാമുണ്ഡി കുന്നുകൾക്ക് സമീപത്തെ വനമേഖലയിൽനിന്ന് പൊലീസ് കണ്ടെത്തി. ഇതോടെ കേസിൽ കൊല്ലപ്പെട്ട ഏഴുപേരിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ചയാണ് ബെംഗളൂരു പൊലീസിൻ്റെ പ്രത്യേക സംഘം മൈസൂരുവിൽ തിരച്ചിൽ നടത്തിയത്. ചാമുണ്ഡി കുന്നുകളിലേക്കുള്ള റോഡിൽ തവരക്കട്ടെയ്ക്ക് സമീപം ഖോദേ ഗസ്റ്റ് ഹൗസിന് അടുത്തുള്ള വനമേഖലയിലായിരുന്നു മൃതദേഹങ്ങൾ. കൈകാലുകൾ കെട്ടിയ നിലയിൽ ചാക്കുകളിൽ പൊതിഞ്ഞാണ് മൃതദേഹങ്ങൾ ഉപേക്ഷിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. ഒരു മൃതദേഹം മരങ്ങൾക്കിടയിലും മറ്റൊന്ന് താഴ്ചയുള്ള ഭാഗത്തുമാണ് കണ്ടെത്തിയത്. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തിരിച്ചറിയൽ സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്മോർട്ടവും ഡിഎൻഎ പരിശോധനയും നടത്തും.
രാജാജിനഗറിലെ ബസ്യം സർക്കിളിന് സമീപമുള്ള വീട്ടിൽ കഴിഞ്ഞ 15 മുതൽ 20 ദിവസത്തിനിടെയാണ് പ്രതി ഭാര്യയുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
ഭാര്യ സുനിത (40), ഭാര്യയുടെ മാതാവ് രൂപവതി (65), ഭാര്യയുടെ സഹോദരന്മാരായ ശിവകുമാർ (30), ശങ്കർ (44), സഹോദരന്മാരുടെ ഭാര്യമാരായ ദിവ്യ (30), നളിനി (29), ശങ്കറിൻ്റെ ഏഴുവയസ്സുകാരൻ മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്..
നവംബർ ആറിന് ചിക്കബെല്ലാപുര ജില്ലയിലെ നന്ദി ഹിൽസിന് സമീപത്തുനിന്നാണ് ഏഴുവയസ്സുകാരൻ പുനീതിൻ്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ തലയ്ക്ക് നാലു മുറിവുകളുണ്ടായിരുന്നെന്നും തലയ്ക്കേറ്റ പരിക്കിനെത്തുടർന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകൾ വ്യക്തമാക്കിയിരുന്നു.
നവംബർ ഏഴിന് തമിഴ്നാട്ടിലെ സേലം ജില്ലയിലെ യേർക്കാട് വനമേഖലയിൽനിന്ന് സുനിതയുടെയും മാതാവ് രൂപവതിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഇതിനു പിന്നാലെയാണ് ഞായറാഴ്ച മൈസൂരുവിൽനിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്.
കൊല്ലപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്. ശങ്കറിൻ്റെയും ഭാര്യ നളിനിയുടെയും മൃതദേഹങ്ങൾ മംഗളൂരുവിന് സമീപമുള്ള ചാർമാടി ഘട്ടിൽ ഉപേക്ഷിച്ചിരിക്കാമെന്നാണ് പൊലീസിൻ്റെ സംശയം. ഇവിടേക്ക് പ്രത്യേക പൊലീസ് സംഘത്തെ അയച്ച് തിരച്ചിൽ നടത്താനാണ് തീരുമാനം.
സുനിതയും സ്വന്തം കുടുംബാംഗങ്ങളും തമ്മിലുള്ള അടുപ്പത്തെച്ചൊല്ലി പ്രതിയും ഭാര്യയും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നതാണ് കൊലപാതകങ്ങൾക്ക് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം. ഇരകളെ ഉറക്കമരുന്ന് നൽകിയശേഷം കൊലപ്പെടുത്തിയിരിക്കാമെന്നും ആക്രമണത്തിൻ്റെ ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ ടെലിവിഷൻ്റെ ശബ്ദം ഉയർത്തിയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
നവംബർ മൂന്നിന് നളിനിയുടെ മാതാവ് മകളെ കാണാനില്ലെന്ന് ശ്രീരാംപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് രാജാജിനഗറിലെ വീട്ടിൽ നടന്ന കൂട്ടക്കൊലയുടെ വിവരങ്ങൾ പുറത്തുവന്നത്.