കോൺഗ്രസ് സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരായ എല്ലാവരിലേക്കും എത്തുന്നത് പ്രതിപക്ഷത്തിന് സഹിക്കാനാകുന്നില്ലെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. ഭാര്യ ഉഷയ്ക്കൊപ്പം ഹാസനിലെ ഹാസനാംബ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാരന്റി പദ്ധതികളെ നിരന്തരം വിമർശിക്കുന്ന ബിജെപി അധികാരത്തിലെത്തിയാൽ ഇവ നിർത്തലാക്കുമെന്ന് ജനങ്ങൾക്ക് അറിയാമെന്നും അതുകൊണ്ടുതന്നെ ബിജെപിയെ വീണ്ടും ഭരണത്തിലേറ്റാൻ ജനങ്ങൾ തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില വർധനയെത്തുടർന്ന് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാനുള്ള സാഹചര്യം മുന്നിൽക്കണ്ടാണ് സർക്കാർ ഗാരന്റി പദ്ധതികൾ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ നൽകുന്ന ഗൃഹലക്ഷ്മി, വീടുകൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി, സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി, അധിക അരി നൽകുന്ന അന്നഭാഗ്യ, തൊഴിൽരഹിതരായ യുവാക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന യുവനിധി എന്നിവയാണ് പ്രധാന ഗാരന്റി പദ്ധതികൾ. ഇവയ്ക്കായി പ്രതിവർഷം 50,000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തുന്നത്.
വരൾച്ച ബാധിച്ച കർഷകർക്ക് 5,000 രൂപയുടെ സബ്സിഡിയും സർക്കാർ നൽകുന്നുണ്ട്. ജലസേചന ആവശ്യങ്ങൾക്കുള്ള പമ്പുസെറ്റുകൾക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കുന്നതിനായി 30,000 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പാൽവില വർധിപ്പിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ പാൽവില കുറവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.