ദീപാവലി ആഘോഷത്തിനിടെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലുണ്ടായ പടക്കാപകടങ്ങളിൽ 32 പേർക്ക് കണ്ണിന് പരിക്കേറ്റു. പരിക്കേറ്റവരിൽ 13 പേർ കുട്ടികളാണ്. പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെയും സമീപത്തുനിന്ന് ആഘോഷം വീക്ഷിക്കുന്നതിനിടെയുമാണ് അപകടങ്ങളുണ്ടായത്.

നാരായണ നേത്രാലയത്തിൽ മാത്രം 20 പേർ ചികിത്സ തേടി. ഇവരിൽ ഏഴുപേർ മുതിർന്നവരും 13 പേർ കുട്ടികളുമാണ്. പടക്കങ്ങളിൽനിന്നുള്ള തീപ്പൊരിയും മറ്റും കണ്ണിൽ പതിച്ചാണ് പലർക്കും പരിക്കേറ്റത്. നാരായണ നേത്രാലയത്തിൽ ചികിത്സ തേടിയവരിൽ 17 പേർ പടക്കം പൊട്ടിക്കുന്നതിനിടെയും മൂന്നുപേർ മറ്റുള്ളവർ പടക്കം പൊട്ടിക്കുന്നത് കാണുന്നതിനിടെയുമാണ് പരിക്കേറ്റത്.

സർക്കാർ ഉടമസ്ഥതയിലുള്ള മിന്റോ ആശുപത്രിയിൽ ഒൻപത് പേർ ചികിത്സ തേടി. ശങ്കര ഐ ആശുപത്രിയിൽ രണ്ടുപേർക്കും പ്രഭ ഐ ആശുപത്രിയിൽ ഒരാൾക്കും ചികിത്സ നൽകി. ഇതോടെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയവരുടെ എണ്ണം 32 ആയി.

പടക്കാപകടങ്ങളിൽ കുട്ടികൾക്കും സമീപത്തുനിന്ന് ആഘോഷം കാണുന്നവർക്കും ഒരുപോലെ അപകടസാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കണ്ണിനുണ്ടാകുന്ന ചെറിയ പരിക്കുകൾ പോലും കാഴ്ചയെ ബാധിക്കാനും ഗുരുതരമായാൽ സ്ഥിരമായ കാഴ്ചനഷ്ടത്തിന് കാരണമാകാനും സാധ്യതയുണ്ട്.

പടക്കം പൊട്ടിക്കുമ്പോൾ സംരക്ഷണ കണ്ണട ധരിക്കണം. സുരക്ഷിതമായ അകലം പാലിക്കുകയും കുട്ടികൾ മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രമേ പടക്കങ്ങൾ ഉപയോഗിക്കാവൂ എന്നും ഡോക്ടർമാർ നിർദേശിച്ചു. പൊട്ടാത്ത പടക്കങ്ങൾ വീണ്ടും കത്തിക്കാൻ ശ്രമിക്കരുത്. കണ്ണിന് പരിക്കേറ്റാൽ തിരുമ്മുകയോ അമർത്തുകയോ ചെയ്യാതെ ഉടൻ നേത്രാശുപത്രിയിൽ ചികിത്സ തേടണമെന്നും മുന്നറിയിപ്പുണ്ട്

Related Posts