പെട്രോളിൽ അനുവദനീയമായ അളവിലും കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന ആരോപണവുമായി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ. അമിതമായ എഥനോൾ മിശ്രണം മൂലം ആയിരക്കണക്കിന് വാഹനങ്ങൾക്ക് തകരാർ സംഭവിക്കുകയും മൈലേജ് കുറയുകയും ചെയ്യുന്നുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. വിഷയത്തിൽ കേന്ദ്രസർക്കാർ വിവരങ്ങൾ മറച്ചുവെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ 67 കേന്ദ്രങ്ങളിൽനിന്ന് പെട്രോൾ സാമ്പിളുകൾ ശേഖരിച്ച് കർണാടക സർക്കാർ പരിശോധന നടത്തിവരികയാണ്. അന്വേഷണത്തിൻ്റെ 30 ശതമാനം പൂർത്തിയായതായും ശിവകുമാർ അറിയിച്ചു. പരിശോധനയുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട മന്ത്രി വാർത്താസമ്മേളനത്തിലൂടെ പുറത്തുവിടും.

പെട്രോൾ വിതരണം ചെയ്യുന്നതിനുമുമ്പല്ല, പമ്പുകളിൽ വിതരണം ചെയ്യുന്ന സമയത്താണ് അമിതമായി എഥനോൾ കലർത്തുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും അദ്ദേഹം അവകാശപ്പെട്ടു. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന എഥനോൾ കലർത്തി കൂടുതൽ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് വാഹനങ്ങൾക്ക് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിൽ പരമാവധി 20 ശതമാനം എഥനോൾ കലർത്താനാണ് നിലവിലെ ഇ20 മാനദണ്ഡം. എന്നാൽ ബംഗളൂരു, കോലാർ, ചിക്കബെല്ലാപുര, രാമനഗര, മംഗളൂരു, തുമകൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയതായി കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ സംസ്ഥാന സർക്കാരിൻ്റെ ആരോപണങ്ങൾ പൊതുമേഖലാ എണ്ണക്കമ്പനികൾ നിഷേധിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ സംയുക്ത പ്രസ്താവനയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. രാജ്യത്തുടനീളം വിതരണം ചെയ്യുന്ന ഇ20 പെട്രോൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൻ്റെ നിബന്ധനകൾ പാലിക്കുന്നുണ്ടെന്നാണ് കമ്പനികളുടെ വിശദീകരണം. സാമ്പിളുകൾ ശേഖരിച്ചതിലും പരിശോധന നടത്തിയ രീതിയിലും അപാകതകളുണ്ടെന്നും കമ്പനികൾ ആരോപിച്ചു.

Related Posts