മധ്യജപ്പാനിൽ ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ 20ലധികം പേർക്ക് പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വിവിധയിടങ്ങളിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല.

പുലർച്ചെ ഒരു മണിയോടെയായിരുന്നു ഭൂചലനം. ഷിസുവോക പ്രിഫെക്ചറിൻ്റെ പടിഞ്ഞാറൻ മേഖലയിൽ ഭൂമിക്കടിയിൽ 40 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസി അറിയിച്ചു.

ഐച്ചി പ്രിഫെക്ചറിലാണ് പ്രകമ്പനം ഏറ്റവും ശക്തമായി അനുഭവപ്പെട്ടത്. സമീപ പ്രദേശങ്ങളായ നാഗാനോ, ഗിഫു എന്നിവിടങ്ങളിലും ശക്തമായ കുലുക്കമുണ്ടായി. പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽനിന്ന് പുറത്തേക്കോടി.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പലർക്കും പരിക്കേറ്റത്. കെട്ടിടങ്ങളുടെ തകർന്ന ജനൽച്ചില്ലുകൾ തറച്ചും ചിലർക്ക് പരിക്കേറ്റു. തകർന്ന കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.

റെയിൽവേ പാതകൾക്ക് കേടുപാടുകൾ സംഭവിച്ചിരിക്കാമെന്ന ആശങ്കയെ തുടർന്ന് ബുള്ളറ്റ് ട്രെയിനുകൾ വേഗം കുറച്ചാണ് സർവീസ് നടത്തിയത്. വരും ദിവസങ്ങളിലും തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ ഏജൻസി മുന്നറിയിപ്പ് നൽകി. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related Posts